Saturday 9 March 2013

ഭാഗം മൂന്ന് – മേച്ചില്പ്പുറങ്ങള്‍


                          
ഭാഗം മൂന്ന് – മേച്ചില്പ്പുറങ്ങള്‍


    ത്രേസ്യ ദാക്ഷായണിയെ കാണുമ്പോളൊക്കെ കൂടെ ഒരു നിഴല്‍ പോലെ അവളുടെ ചേച്ചി കാര്ത്യായനിയും ഉണ്ടായിരുന്നു. വൈകാതെ തന്നെ കാര്‍ത്തുചേച്ചി ത്രേസ്യക്കും പ്രിയങ്കരിയായി. അവരുടെ അച്ഛന്‍ ത്രേസ്യയെ വളരെ സ്നേഹത്തോടെയാണ് കണ്ടിരുന്നത്‌. അതിനാല്‍ തന്നെ ആ വീട്ടില്‍ ത്രേസ്യക്കു സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അവരുടെ അച്ഛന്‍ ശ്രീമാന്‍ തിലകന്‍ ത്രേസ്യയ്ക്ക് അവിടെ ചെല്ലുമ്പോഴൊക്കെ ഷെര്‍ല്ലോക്കോം കഥകള്‍ വായിക്കാന്‍ കൊടുത്തു. കൂടാതെ പൊതുവിജ്ഞാനം പരീക്ഷിക്കാന്‍ പല വിധ ചോദ്യങ്ങളും തൊടുത്തു വിട്ടു കൊണ്ടിരുന്നു. കാര്‍ത്തുചേച്ചിയും ദാക്ഷായണിയും മത്സരിച്ചുത്തരങ്ങള്‍ പറയുമ്പോള്‍ ത്രേസ്യ വായും പൊളിച്ചു അതൊക്കെ കേട്ട് കൊണ്ട് നിന്നു...അവധിദിവസങ്ങളില്‍ സ്ഥിരമായി പാവയെ ഒരുക്കല്‍, അമ്മയും കുട്ടിയും എന്നീവിധത്തിലുള്ള കളികളാണ് അവര്‍ കളിച്ചിരുന്നത്. ഒരു ദിവസം ത്രേസ്യയുടെ തലയില്‍ ബുദ്ധി ഉദിച്ചു. ഈ ചോറും കറിയും ഒക്കെ ഉണ്ടാക്കുന്ന പോലെ അഭിനയിക്കാതെ ശരിക്കങ്ങു ഉണ്ടാക്കിയാലോ....പെട്ടന്ന് തന്നെ അവര്‍ രണ്ടു ചിരട്ടകള്‍ കഴുകിയെടുത്തു. വീടിനു പുറകില്‍ മൂന്ന് ചെറിയ കല്ല്‌ വെച്ച് അടുപ്പ് കൂട്ടി. തികച്ചും ഒരു വീട്ടമ്മയുടെ നിഷ്കര്‍ഷയോടെ ദാക്ഷായണി അരി കഴുകി ചിരട്ടയുടെ പകുതി വരെ ഇട്ടു വെള്ളമൊഴിച്ചു. കാര്‍ത്തു­ചേച്ചി വീടിനു പുറകില്‍ വളര്‍ന്നു നിന്ന ചീരകളില്‍ നിന്ന് ഇലകള്‍ നുള്ളിയെടുത്തു ഭംഗിയായി അരിഞ്ഞു. ഇതിനകം ത്രേസ്യ വീട്ടില്‍ നിന്ന് ചൂണ്ടിയ ഉപ്പും വെളിച്ചെണ്ണയുമായി ഓടിയെത്തി...ഒരു ഏകദേശ അളവില്‍ ഉപ്പും അല്പം വെളിച്ചെണ്ണയും ചീര നിറഞ്ഞ ചിരട്ടയിലേക്ക് തട്ടി. കൃതാര്‍ത്ഥതയോടെ തീ കൂടി ഭക്ഷണം പാകമാവുന്നതും കാത്തു അവര്‍ ഇരുന്നു...പിന്നീടു വേവാത്ത അരിയും പാകമായ ചീരയും ഒരു ചേമ്പേലയിലേക്ക് വിളമ്പി മൂന്ന് പേരും മനസ് നിറഞ്ഞു കഴിച്ചു...പിന്നീട് പലപ്പോഴും ഈ പരിപാടി തുടര്‍ന്നെങ്കിലും ഒരിക്കല്‍ ദാക്ഷായണിയുടെ അമ്മ സാധനങ്ങള്‍ കാണാതാവുന്നത് കണ്ടു പിടിച്ചതോടെ ഈ സ്വയംപര്യാപ്ത പദ്ധതി നിര്‍ത്തലാക്കേണ്ടി വന്നു.
   അങ്ങനെയിരിക്കെ ത്രേസ്യക്കു പിതാവ് ഒരു സൈക്കിള്‍ വാങ്ങിച്ചു കൊടുത്തു...കാര്‍ത്തുചേച്ചിക്കും ദാക്ഷായണിക്കും നേരത്തെ സൈക്കിള്‍ ഉണ്ട്...പിന്നെ ത്രേസ്യ നിലത്തുനിന്നിട്ടില്ല...വാവച്ചന്‍ പല വിധത്തിലും സൈക്കിളില്‍ തന്‍റെ അധികാരം സ്ഥാപിച്ചെടുക്കാന്‍ നോക്കിയെങ്കിലും ത്രേസ്യ വിട്ടു കൊടുത്തില്ല..അങ്ങനെയാണ് വാവച്ചന്‍ അതിനു പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. സൈക്കിള്‍ ഓടിക്കാന്‍ ഒരു അതിര്‍ മുതിര്‍ന്നവര്‍ നിശ്ചയിചിട്ടുണ്ടായിരുന്നു. കോംമ്പൊണ്ടിനു പുറത്തു സാമാന്യം വീതിയുള്ള ഒരു പോക്കറ്റ്‌ റോഡ്‌ ആണ്. അവിടുന്ന് താഴേക്ക്‌ കുത്തനെ ഉള്ള ഇറക്കമാണ്.. ത്രേസ്യയും കൂട്ടരും ഈ പോക്കറ്റ്‌ റോഡ്‌ വരെ സൈക്കിള്‍ ഓടിച്ചു അവിടെ നിന്ന് തിരിച്ചു ഓടിക്കാറാന് പതിവ്. പതിവ് പോലെ വണ്ടി തിരിക്കാന്‍ റോഡില്‍ തയ്യാറെടുത്തു നില്‍ക്കുകയാണ് ത്രേസ്യ. വാവച്ചന്‍ അന്നും സൈക്കിള്‍ ചോദിച്ചു. ത്രേസ്യ പുച്ഛത്തോടെ പറഞ്ഞു. “ പോയി ടയര്‍ ഉരുട്ടിക്കളിക്കെടാ “...വാവച്ചനു അത് താങ്ങാവുന്നതിലും അധികമായിരുന്നു. സര്‍വ്വശക്തിയും എടുത്തു വാവച്ചന്‍ ഒരു തള്ള് തള്ളി. കണ്ണടച്ച് തുറക്കുന്നതിനു മുന്നേ ത്രേസ്യയും സൈക്കിളും കുന്നിറങ്ങുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ത്രേസ്യ ബ്രേക്ക്‌ പിടിച്ചു..നില്‍ക്കുന്നില്ല....അഭിമാനം മറന്നു ത്രേസ്യ “രക്ഷിക്കണേ...” എന്ന് ഉറക്കെ നിലവിളിച്ചു. വീടിനു പുറകില്‍ പത്രം കഴുകുകയായിരുന്ന മാതാവ് മകള്‍ പറക്കുന്നത് കണ്ടു. അയ്യോ എന്ന് അലറിക്കൊണ്ട് മാതാവ് ഓടി...എല്ലാവരും എത്തിയപ്പോഴേക്കും ഇതായിരുന്നു കാഴ്ച. ത്രേസ്യ അതാ പഞ്ചായത്ത് കിണറിന്റെ വക്കില്‍ മലര്‍ന്നു കിടക്കുന്നു. സൈക്കിള്‍ കമ്പിവേലിക്കു മുകളിലും. വാവച്ചന്‍ കൈ കൊട്ടി ആര്‍ത്തു ചിരിച്ചു. അപമാനഭാരിതയായ ത്രേസ്യ വാവച്ചനെ നോക്കി പല്ലിറമ്മി. തല്ലു കൊള്ളാനുള്ള പ്രായപൂര്‍ത്തി ആവാത്തതിനാല്‍ വാവച്ചനെ മുതിര്‍ന്നവരുടെ കോടതി വെറുതെ വിട്ടു. ത്രേസ്യയുടെ മനസ്സില്‍ ഒരു കനല്‍ എരിഞ്ഞു.
  പിറ്റേന്ന് ത്രേസ്യ തനിക്ക് പടം വരയ്ക്കാന്‍ പെന്‍സില്‍ കൂര്‍പ്പിക്കുകയായിരുന്നു. ആകെയുണ്ടായിരുന്ന കട്ടെര്‍ വാവച്ചന്‍റെ കൈയിലാണ്. അവനോടു മിണ്ടാന്‍ എന്തായാലും ത്രേസ്യ ഉദ്ദേശിച്ചിട്ടില്ല. ത്രേസ്യ ഒരു കത്തി എടുത്തു പെന്‍സില്മുന ചെത്താന്‍ തുടങ്ങി. വാവച്ചന്‍ ഒന്നും അറിയാത്ത പോലെ തന്‍റെ പെന്‍സിലും ചെത്താന്‍ കൊടുത്തു. “ചെയ്തു തരില്ല...” ത്രേസ്യ തീര്‍ത്തു പറഞ്ഞു. വാവച്ചന്‍ രോഷാകുലനായി...” ചെയ്തു താടീ...” തലേന്നത്തെ അപമാനഭാരവും ദേഷ്യവും എല്ലാം കൂടി... ത്രേസ്യ പെന്‍സില്‍ അങ്ങ് നീട്ടിചെത്തി....
“അമ്മേ.... “ വാവച്ചന്‍റെ കരച്ചില്‍ ഉയര്‍ന്നു. അപ്പോഴാണ്‌ തന്റെ പെന്‍സിലും കടന്നു വാവച്ചന്‍റെ മൂക്കിനു ആ ചെത്ത്‌ പോയിക്കൊണ്ടു എന്ന് ത്രേസ്യ അറിഞ്ഞത്. ത്രേസ്യക്കു വളരെ അധികം ചാരിതാര്‍ത്ഥ്യം തോന്നി. അന്ന് അടി കൊണ്ടെങ്കിലും ത്രേസ്യ നിറഞ്ഞ സന്തോഷത്തോടെ അത് സ്വീകരിച്ചത്....
    അങ്ങനെ നാളുകള്‍ കടന്നു പോയി. അത്തവണത്തെ ഓണക്കാലത്തിനു ത്രേസ്യയും കൂട്ടരും പുതിയ മേച്ചില്പുറങ്ങള്‍ തപ്പിപിടിക്കാന്‍ തീരുമാനിച്ചു. ഓണക്കാലമായാല്‍ കുട്ടികള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലാതാവും. എവിടെപോയി വേണേലും പൂ പറിക്കാം. എങ്ങും ഉത്സാഹതിമിര്‍പ്പുകള്‍ മാത്രം. സ്ഥിരമായി കുറച്ചു വര്‍ഷങ്ങളായി മൂന്ന് പട്ടികളുള്ള ഒരു വീടായിരുന്നു അവരുടെ പൂ പറിക്കല്‍ കേന്ദ്രം,....മതില്‍ ചാടുക....പട്ടികള്‍ കുരക്കുക.... അവിടുത്തെ അമ്മച്ചി വടി എടുത്തു വരുന്നു... ഈ സമയത്തിനുള്ളില്‍ പൂ പറിച്ചു തീര്‍ക്കണം. എല്ലാ വര്‍ഷവുമുള്ള ഈ സ്ഥിരം അടികൊള്ളലില്‍ നിന്ന് ഒരു മുക്തി നേടണം. കോംമ്പോണ്ടിനു ഒരു വശം കാട് പിടിച്ചു കിടക്കുകയാണ്. അങ്ങനെ ഒരു വൈകുന്നേരം പൂ പറിക്കാന്‍ കൂടുമെടുത്തു ത്രേസ്യ അടങ്ങിയ ആറു പേരുടെ സംഘം കാടിന്റെ കമ്പിവേലി നൂഴ്ന്നിറങ്ങി. എല്ലാവരുടെയും മേല് മുള്‍ച്ചെടികള്‍ തട്ടി മുറിഞ്ഞെങ്കിലും സന്തോഷത്തോടെയും ഭയത്തോടെയും.... കനത്ത നിശബ്ദതയില്‍ ആ കാടിന്‍റെ ഉള്ളറകളിലേക്ക് അവരിറങ്ങിചെന്നു......
  ഒരു ചെറിയ പേടി ഉണ്ടെങ്കിലും എല്ലാവരും ധൈര്യം അവലംബിച്ചാണ് നടക്കുന്നത്. കാര്തുചെച്ചി പതുക്കെ പാട്ട് പാടാന്‍ തുടങ്ങി. പേടിയകറ്റാന്‍ എല്ലാവരും അതേറ്റുപാടി. ത്രേസ്യ ആണ് ഒരു വടി എടുത്തു വഴി തെളിച്ചു നടക്കുന്നത്..കാലില്‍ പലയിടത്തും മുള്‍ച്ചെടികള്‍ കോറി വര്യ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു പുതിയ ചില പൂക്കള്‍ കാണുമ്പോള്‍ എല്ലാവരും മത്സരത്തോടെ കൂടകള്‍ നിറച്ചു...എങ്കിലും അമ്മച്ചിയുടെ വീട്ടിലെ പൂക്കളോട് കിട പിടിക്കുന്ന രീതിയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല..എല്ലാവരും നിരാശരായിതുടങ്ങി..പെട്ടന്ന് ത്രേസ്യ നിന്നു.. ”എന്താണ് ത്രേസ്യാ?” ദാക്ഷായണി വിളിച്ചു ചോദിച്ചു. ഒന്നും മിണ്ടാതെ ത്രേസ്യ മുന്നോട്ടു വിരല്‍ ചൂണ്ടി......മുന്നില്‍ പലവിധ നിറങ്ങളാണ്.....മഞ്ഞ.... ചുവപ്പ്....റോസ്........വെള്ള.....കൊങ്ങിണിക്കാട്....പലവിധത്തിലുള്ള കൊങ്ങിണിപ്പൂക്കള്‍....അതും കണ്ണെത്താത്ത ദൂരത്തോളം....പൂ പറിക്കുന്ന കാര്യം മറന്നു ആറു പേരും നിറങ്ങളുടെ ഉത്സവം കാണുന്ന പോലെ അത് നോക്കി നിന്നു..........
                      (തുടരും......)