Sunday 24 February 2013

ഭാഗം രണ്ട് – വാവച്ചന്‍റെ വരവ്

     തന്‍റെ പ്രിയമാതാവിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ഞെട്ടലോടെ ത്രേസ്യ കണ്ടു പിടിച്ചു. മാതാവിന്റെ ഉദരം വലുതായികൊണ്ടിരിക്കുകയാണ്. ഇത് ത്രേസ്യ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ ഗൌനിച്ചില്ല. ത്രേസ്യക്ക്‌ ഒരു കുഞ്ഞുവാവ വരാന്‍ പോവുകയാണെന്ന് അവര്‍ സ്നേഹത്തോടെ പറഞ്ഞു. അതോടെ തല്ക്കാലത്തേക്ക് ത്രേസ്യ സമാധാനപ്പെട്ടു.
     അങ്ങനെ ആ സുദിനം വന്നെത്തി. ത്രേസ്യയേയും കൊണ്ട് പിതാവ് ആശുപത്രിയില്‍ എത്തി. തന്‍റെ മാതാവിന്‍റെ അടുത്ത് ഒരു കുഞ്ഞുവാവ – (അതെ വാവച്ചന്‍ തന്നെ) കിടക്കുന്നത് ത്രേസ്യ കണ്ടു. എല്ലാവരും വളരെ സന്തോഷത്തോടെ ഇരിക്കുന്നു. പക്ഷേ എന്തുകൊണ്ടോ ത്രേസ്യക്കു അതങ്ങട് അത്ര പിടിച്ചില്ല. തൊട്ടിലിലേക്ക് പേരിനു ഒന്ന് എത്തി നോക്കി ത്രേസ്യ പിതാവിനോട് മൊഴിഞ്ഞു. “നമ്മക്ക് വീട്ടില്പ്പോവാം.”....
  പിന്നീട് ത്രേസ്യയുടെ ജീവിതത്തിലെ കറുത്ത ദിനങ്ങള്‍ ആയിരുന്നു....വാവച്ചനെ കാണുവാന്‍ പലരും വന്നു തുടങ്ങി. വരുന്നവര്‍ മുഴുവന്‍ “ത്രേസ്യയെക്കാള്‍ തൂക്കമുണ്ട്......ത്രേസ്യയെക്കാള്‍ ഭംഗിയുണ്ട്” എന്നിങ്ങനെ പലവിധ അഭിപ്രായങ്ങള്‍ പാസാക്കാനും തുടങ്ങി...ഏറ്റവും സഹിക്കാന്‍ പറ്റാഞ്ഞത് ത്രേസ്യ അടുത്ത് വരുമ്പോഴേക്കും ചീവീട് കരയുന്ന പോലത്തെ വാവച്ചന്‍റെ കരച്ചിലായിരുന്നു...ഇതിനെ ഒഴിവാക്കാന്‍ എന്താണ് വഴി എന്ന് ത്രേസ്യ പലവിധത്തില്‍ ആലോചിക്കാന്‍ തുടങ്ങി..ഒരു ദിവസം മാതാവ് വന്നപ്പോള്‍ ത്രേസ്യ വാവച്ചന്‍റെ മേല്‍ കയറി നില്‍ക്കുന്നതാണ് കണ്ടത്,,,,, വരുന്നവര്‍ വരുന്നവര്‍ മാറി മാറി ത്രേസ്യയെ എടുത്തു പെരുമാറി...!! അതിനു ശേഷം ത്രേസ്യ വാവച്ചന്‍റെ അടുത്ത് നിന്ന് ഒരകലം പാലിച്ചു നില്‍ക്കാന്‍ തുടങ്ങി....(അതായിരുന്നു തടി കേടാകാതിരിക്കാന്‍ നല്ലത്). വാവച്ചന്‍ ഗുണ്ടുമണിയായി വളര്‍ന്നു വരാന്‍ തുടങ്ങി. വൈകാതെ തന്നെ ത്രേസ്യയുടെ വില എല്ലാവരും മനസിലാക്കി. വാവച്ചന്‍ പെട്ടന്ന് തന്നെ ഒരു തല്ലുകൊള്ളിയായി പേരെടുത്തു.. തെങ്ങില്‍ കള്ള് ചെത്തുന്നത് കണ്ടാല്‍ അതിന്‍റെ ചുവട്ടില്‍ പോയി വായും പൊളിച്ചു നില്‍ക്കുകയും ഒരു പൂവിന്‍റെ മൊട്ടു കണ്ടാല്‍ അത് മണത്തു മൂക്കിനുള്ളില്‍ വലിച്ചു കേറ്റുകയും അവന്‍റെ ശീലങ്ങളായി..ത്രേസ്യ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നാ മട്ടില്‍ തന്‍റെ കളികളില്‍ മുഴുകി. അങ്ങനെ ത്രേസ്യക്കു ആറു വയസ്സായി.
     ഒരു ദിവസം ത്രേസ്യയുടെ പിതാവ് തങ്ങള്‍ മറ്റൊരു ക്വാര്ടെഴ്സിലെക്കു താമസം മാറുകയാണെന്ന വാര്‍ത്ത പ്രഖ്യാപിച്ചു. സ്വാഭാവികമായും ത്രേസ്യക്കു അല്പം സങ്കടം തോന്നിയെങ്കിലും പുതിയ വീടിനെപ്പറ്റിയുള്ള ആകാംഷ അവളുടെ മനസ്സില്‍ പൊട്ടി മുളച്ചു തുടങ്ങി. അങ്ങനെ ഒരു ദിവസം രാത്രി ത്രേസ്യയും കുടുംബവും താമസം മാറി.
 പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന ത്രേസ്യ തീര്‍ത്തും വ്യതസ്തമായ ഒരു ചുറ്റുപാടാണ് കണ്ടത്. രാവിലെ തന്നെ കുളിച്ചു വൃത്തിയായി തനിക്കേറ്റവും ഇഷ്ടമുള്ള പെറ്റിക്കോട്ട് ധരിച്ചു. കുടുതല്‍ സൌകര്യം ഉള്ളതിനാല്‍ പുതിയ താമസസ്ഥലം ത്രേസ്യക്കു ബോധിച്ചു. പക്ഷേ ത്രേസ്യ ഒരു റൌണ്ട് അടുത്ത വീടുകളില്‍ ഒക്കെ ചുറ്റിക്കറങ്ങിയെങ്കിലും എവിടെയും കുട്ടികള്‍ ഉള്ള ലക്ഷണം കണ്ടില്ല...ത്രേസ്യ താന്‍ തികച്ചും ഒറ്റപ്പെട്ടെന്നു മനസ്സിലാക്കി. വാവച്ചന്‍റെ കൂടെ ഇനിയുള്ള കാലം കഴിക്കേണ്ടി വരുമോ എന്നുള്ള ചിന്ത അവളെ ഭയചകിതയാക്കി. തന്‍റെ തലകറങ്ങുന്ന പോലെ അവള്‍ക്കു തോന്നി. തല കറങ്ങി വീഴുന്നതിനു മുന്‍പേ ത്രേസ്യയുടെ മാതാവ് സ്കൂളില്‍ പോകാന്‍ ത്രേസ്യയെ വിളിച്ചു. സ്കൂളില്‍ എത്തിയെങ്കിലും ത്രേസ്യക്കു യാതൊരു ഉഷാറും തോന്നിയില്ല. വൈകിട്ട് തിരിച്ചെത്തിയ ത്രേസ്യ ഏകാന്തതയുടെ അപാരതീരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. അപ്പോഴാണ്‌ ഒരു കിളിനാദം ത്രേസ്യയുടെ ചെവിയില്‍ അലയടിച്ചെത്തിയത്. ത്രേസ്യ വീണ്ടും കാതോര്‍ത്തു. അതേ തന്നെ തന്നെയാണ് വിളിക്കുന്നത്‌. തിരിഞ്ഞു നോക്കിയ ത്രേസ്യ കണ്ടത് തന്‍റെ അപ്പുറത്തെ ഡിവിഷനില്‍ പഠിക്കുന്ന ദാക്ഷായണിയെ ആണ്. ഒരു മാലാഖയെ കാണുന്ന പോലെ ത്രേസ്യ അവളെ കണ്‍കുളിര്‍ക്കെ നോക്കി. ത്രേസ്യക്ക് അവളുടെ മേല്‍ പുഷ്പവൃഷ്ടി നടത്താന്‍ തോന്നി....
ഇവിടെ നിന്നാണ് ത്രേസ്യയുടെ സാഹസികതകള്‍ തുടങ്ങുന്നത്....
                                    ( തുടരും.....)

Monday 18 February 2013

ഭാഗം ഒന്ന് - കൊച്ചുത്രേസ്യ



“എന്‍റെ നാട്.....” “ഞാനൊരു...” “എന്‍റെ കുടുംബം...” എന്നിങ്ങനെ പല വിധ പ്രയോഗങ്ങളില്‍ ബാല്യകാലത്തെപ്പറ്റി തുടങ്ങാം എന്നാണ്‌ കരുതിയത്‌. പക്ഷെ പലപ്പോഴും കണ്ണടച്ച് പുറകിലേക്ക് ചിന്തിക്കുമ്പോള്‍ ഒരു സുഖമുള്ള തണുപ്പാണ് അനുഭവപ്പെടുക. പുഴയിലെ തണുത്ത വെള്ളത്തിലേക്ക്‌ ആരോ ഇറക്കി വെക്കുന്നത്....(തീര്‍ച്ചയായും അത് ത്രേസ്യയുടെ പിതാവാണ്)...കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിലേക്ക്‌ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നത്...(ഭയങ്കര വൃത്തി ആയതു കൊണ്ട് കാലില്‍ വന്ന ചൊറി ആണ് കൊച്ചുത്രേസ്യ സാകൂതം വീക്ഷിക്കുന്നത്)...പതുക്കെ കുഞ്ഞുമീനുകള്‍ വന്നു ആ മുറിവില്‍ കൊത്തുന്നത്....ആ വെള്ളത്തിന്‍റെ തണുപ്പും മീനുകള്‍ കൊത്തിയപ്പോള്‍ കൊച്ചുത്രേസ്യ അനുഭവിച്ച വേദനയും ഇക്കിളിയും ആണ് ഓര്‍മ്മയിലെ ബാല്യകാലത്തിന്‍റെ ആദ്യ ഏട്.
   ത്രേസ്യയുടെ കുട്ടിക്കാലം ഒരു പ്രത്യേക സ്ഥലത്തെയോ ഒരു വീടിനെയോ ചുറ്റിപ്പറ്റിയല്ല. ത്രേസ്യ മാതാവിന്റെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ തന്നെ ത്രേസ്യയെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും ഇറങ്ങിയിരുന്നു...കവടികള്‍ നിരത്തിയും മാതാവിന്‍റെ മുഖലക്ഷണം നോക്കിയും പലരും പല പ്രവചനങ്ങളും നടത്തി. അതിന്‍പ്രകാരം ഊര്‍ജ്ജസ്വലനായ ഒരു ആണ്‍കുട്ടിയെ ആയിരുന്നു ത്രേസ്യയുടെ പിതാവും കുടുംബവും പ്രതീക്ഷിച്ചത്...കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആ സ്വപ്നവും കണ്ടു ഉലാത്തിയ ത്രേസ്യയുടെ പിതാവിനോട് പുഞ്ചിരിയോടെ നേഴ്സ് പറഞ്ഞു “പെണ്‍കുട്ടി”. തന്നോട് തന്നെയാണോ പറയുന്നത് എന്ന മട്ടില്‍ പിതാവ് ചോദിച്ചു...”കുട്ടി മാറിപ്പോയോ?”... അതിനു നേഴ്സ് പറഞ്ഞ മറുപടി എന്താണെന്ന് അറിയില്ല....
     എന്തായാലും പിന്നീടു എല്ലാ മാതാപിതാക്കളെയും എന്ന പോലെ ത്രേസ്യയെ മാതാവും പിതാവും മാറി മാറി ലാളിച്ചു. ഒരു വിപ്ലവവിവാഹത്തിന്‍റെ സന്തതി ആയതിനാല്‍ വിപ്ലവകരമായിട്ടാണ് ത്രേസ്യയെ വളര്‍ത്തിയത്‌. വീട്ടില്‍ മിക്സി ഇല്ലാത്തതിനാല്‍ ആപ്പിളും ഓറഞ്ചും ഒക്കെ തന്‍റെ കൈയില്‍ ഇട്ടു പിഴിഞ്ഞ് ത്രേസ്യയെ പിതാവ് കുടിപ്പിച്ചു. ഇത് കണ്ടു മാതാവ് അന്തം വിട്ടു. അധികം വൈകാതെ ത്രേസ്യയെയും എടുത്തു മാതാപിതാക്കള്‍ വയനാട്ടിലേക്ക് വണ്ടി കയറി. ത്രേസ്യയുടെ ബാല്യം ഈ ജില്ലയിലാണ്. പതിമൂന്നു വയസ്സ് വരെ ത്രെസ്യയുടെയും കുടുംബത്തിന്‍റെയും ജീവിതം വയനാട്ടിലെ പല ക്വാര്ട്ടെഴ്സ്കളില്‍ ആയിട്ടായിരുന്നു.
    അതില്‍ ആദ്യ ക്വാര്ട്ടെഴ്സ് ത്രേസ്യയുടെ ഓര്‍മ്മയില്‍ ഇല്ല....രണ്ടാമത്തേത് മണിച്ചിറ എന്ന സ്ഥലത്തായിരുന്നു. ഒന്നാം ക്ലാസ്സ്‌ വരെ ഇവിടെയായിരുന്നു കൊച്ചുത്രേസ്യ. അവിടെയും കുറച്ചു ഓര്‍മ്മകളെ തങ്ങി നില്‍ക്കുന്നുള്ളൂ. ഇവിടെയും എടുത്തു പറയേണ്ട ഒരു കാര്യം ത്രേസ്യയുടെ വൃത്തിയാണ്. രാവിലെ കുളിപ്പിച്ച് ഒരുക്കി വിടുന്ന ത്രേസ്യയെ അല്ല  മാതാവ് വൈകിട്ട് എത്തുമ്പോള്‍ കാണുക. ഇട്ട ഉടുപ്പ് എവിടെയെങ്കിലും തട്ടി കീറിയിട്ടുണ്ടാകും. കെട്ടി വെച്ച മുടി അഴിച്ചു പറത്തിയിട്ടുണ്ടാകും. ചെരിപ്പിടാതെ നടന്നു കൈയുംകാലും ചെളിയില്‍ പുതഞ്ഞിട്ടുണ്ടാകും. പക്ഷെ ഇതൊന്നും ത്രേസ്യയെ ബാധിക്കുന്ന പ്രശ്നങ്ങളെ ആയിരുന്നില്ല. മണ്ണില്‍ കളിക്കാന്‍ ത്രേസ്യക്കുള്ള കഴിവ് മറ്റാര്‍ക്കുംതന്നെ ഉണ്ടായിരുന്നില്ല. പമ്പരം കറക്കുന്നതിലും ത്രേസ്യ അഗ്രകണ്ണ്യ ആയിരുന്നു. അത് പോലെ തൊട്ടടുത്തുള്ള വീട്ടിലെ ഇരുമ്പന്‍പുളി ത്രേസ്യയുടെ ഒരു വലിയ ബലഹീനത ആയിരുന്നു. ഇവിടുത്തെ ഏറ്റവും രസകരമായ കാര്യം തൊട്ടപ്പുറത്തെ റൂമില്‍ താമസിക്കുന്ന കുടുംബത്തിനും ത്രേസ്യയുടെ കുടുംബത്തിനും യാതൊരു സ്വകാര്യതയും ഇല്ലായിരുന്നു എന്നതായിരുന്നു.
ഇവിടെ പറയുന്നത് അവിടെ കേള്‍ക്കാം അവിടെ പറയുന്നത് ഇവിടെയും. അതിനാല്‍ തന്നെ ത്രേസ്യക്കു കിട്ടുന്ന അടിയും അവിടുത്തെ മൂവര്‍സംഘത്തിനു കിട്ടുന്ന അടിയും രഹസ്യമാക്കി വെയ്ക്കാന്‍ പറ്റാതായി. എങ്കിലും വളരെ ഒരുമയോടെയും ഐക്യത്തോടെയും ഈ കൂട്ടുകാര്‍ പാര വെക്കാതെ കഴിഞ്ഞു പോയി. ത്രേസ്യക്കു നാല് വയസ്സ് തികഞ്ഞപ്പോള്‍ പിതാവ് അവളെ സ്ഥലത്തെ പ്രമുഖ സ്കൂള്‍ല്‍ ചേര്‍ത്തു.
അധികം വാശിയൊന്നും ഇല്ലാതെ തന്നെ ത്രേസ്യ സ്കൂളില്‍ പോയിത്തുടങ്ങി...അങ്ങനെയിരിക്കുമ്പോഴാണ് ത്രേസ്യയുടെ ജീവിതത്തിലെ ഒരു പ്രധാന സംഭവം നടക്കുന്നത്...ഒരു ദിവസമാണ് ത്രേസ്യ അത് ശ്രദ്ധിച്ചത്.........
                                      (തുടരും.....)