Wednesday 10 July 2013

ഭാഗം – നാല് പര്യവേഷണങ്ങള്‍






ഭാഗം – നാല്

പര്യവേഷണങ്ങള്‍

   ആ ഓണക്കാലവും തുടര്‍ന്നുള്ളവയും വളരെ ഗംഭീരമായി ത്രേസ്യയും കൂട്ടരും ആഘോഷിച്ചു. ആദ്യ കാനനപര്യവേഷണം കുട്ടിപട്ടാളത്തിന് നന്നേ ബോധിച്ചതിനാല്‍, കാടിന്‍റെ ഉള്ളറകളിലേക്ക്  ഉള്ള സന്ദര്‍ശനങ്ങള്‍ അടിക്കടി നടക്കാന്‍ തുടങ്ങി.
  ഒരു ശനിയാഴ്ചയാണ് അവര്‍ കാടിന്റെ നടുക്കുള്ള സാമാന്യം പ്രായമുള്ള നാട്ടുമാവ് കണ്ടുപിടിച്ചത്. പല ദിവസങ്ങളിലും നാട്ടുമാങ്ങയും നുണഞ്ഞു ത്രേസ്യയും കൂട്ടരും അതിനു ചുവട്ടില്‍ വിശ്രമിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം ഉച്ചയ്ക്ക് ത്രേസ്യ മലര്‍ന്നു കിടക്കുമ്പോഴാണ് തൊട്ടരികെ എന്തോ കിടന്നു തിളങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉത്സാഹത്തോടെ ത്രേസ്യ അതെടുത്ത് ഉയര്‍ത്തിയതും ദാക്ഷായണി നിലവിളിച്ചു. “ അയ്യോ ! പാമ്പിന്‍തോല് ! “
  അതില്‍പിന്നെ മാവിന്‍ചുവട്ടിലുള്ള വിഹാരം അതീവശ്രദ്ധയോടെയായിരുന്നു. ഒരു ദിവസം എല്ലാവരും മരക്കൊമ്പിലിരുന്നു ബസ്‌ കളിക്കുമ്പോഴാണ് ഒരു സുഗന്ധം ഒഴുകിയെത്തിയത്. മുല്ലപ്പൂവിന്റെ മണം! എല്ലാവരുടെയും ഉള്ളിലെ സാഹസികത ഉണര്‍ന്നു. സുഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചു എല്ലാവരും പരക്കം പാഞ്ഞു. അല്പം അകലെ നിന്ന് കാര്‍ത്തുചേച്ചിയുടെ ശബ്ദം കേട്ട് എല്ലാവരും ഓടിക്കൂടിയപ്പോള്‍ തൊട്ടുമുന്‍പിലുള്ള മരങ്ങളില്‍ മുല്ല പടര്‍ന്നു പൂത്തു നില്‍ക്കുകയാണ്. സമയം വൈകാതെ എല്ലാവരും ഓരോ മരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറി. കാര്‍ത്തുചേച്ചി സന്തോഷം സഹിക്കവയ്യാതെ ഉറക്കെ പാടി.. “ തൂ ചീസ് ബഡീ ഹേ മസ്ത് മസ്ത് “.. അര്‍ത്ഥം അറിയില്ലെങ്കിലും എല്ലാവരും ഏറ്റ് പാടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരുടേയും ഒറ്റ മുടിയിഴ പോലും പുറത്തു കാണാത്ത രീതിയില്‍ തല നിറയെ മുല്ലപൂക്കള്‍ ആയിരുന്നു.
   അങ്ങനെ ഒരു ദിവസം പെട്ടന്ന് ത്രേസ്യ എല്ലാവരെയും പെട്ടന്ന് മാവിന്ച്ചുവട്ടിലേക്ക് വിളിപ്പിച്ചു. ത്രേസ്യ എഴുന്നേറ്റു നിന്ന് എല്ലാവരെയും അഭിസംബോധന ചെയ്തു. തലേന്ന് രാത്രി ത്രേസ്യയുടെ പിതാവ് ജുറാസ്സിക് പാര്‍ക്ക് എന്ന സിനിമ ത്രേസ്യയെ കാണിച്ചു. സിനിമയുടെ കഥയും ദിനോസറുകളെ പറ്റിയും ത്രേസ്യ അല്‍പനേരം പ്രസംഗിച്ചു. പിന്നീടു അതീവപ്രധാനമായ കാര്യം അവതരിപ്പിച്ചു. “ ഇന്ന് മുതല്‍ പറ്റാവുന്ന സ്ഥലങ്ങളെല്ലാം കുഴിച്ചു നോക്കി ദിനസറുകളുടെ അസ്ഥികൂടങ്ങള്‍ ശേഖരിക്കാന്‍ ആരംഭിക്കണം “.
അത് വരെ പക്ഷിതൂവലുകള്‍ ശേഖരിച്ചു നടന്നു കുട്ടിപട്ടാളം വായും പൊളിച്ചു നിന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അങ്കവാലന്‍ കോഴിയുടെ അങ്കവാല് പറിക്കാന്‍ കോഴിക്കൂട്ടില്‍ കയറിയ ത്രേസ്യക്കു കിട്ടിയ അടി ഒരു മിന്നായം പോലെ തെളിഞ്ഞു വന്നു.
“ ധൈര്യം ഉള്ളവര്‍ മാത്രം മുന്നോട്ടു വരിക. ഇത് ബുദ്ധിയുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്! “ ത്രേസ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വതവേ അതീവബുദ്ധിമാന്മാരെന്നു സ്വയം വിശ്വസിച്ചിരുന്ന ആരും എതിര്‍ പറഞ്ഞില്ല. കിട്ടാവുന്ന കമ്പും കൊലുമെടുത്തു എല്ലാവരും അവരവരുടെ വീടിന്റെ പരിസരങ്ങളും കാടും കുഴിച്ചു നോക്കാന്‍ തുടങ്ങി. പഴയ തുണികള്‍, പ്ലാസ്റ്റിക്‌, കുപ്പിച്ചില്ലുകള്‍, ആശ്വാസത്തിന് കുറച്ചു എല്ലിന്‍കഷണങ്ങള്‍ തുടങ്ങിയവയാണ് മിക്കവര്‍ക്കും കിട്ടിയത്.
  രണ്ടു ദിവസത്തിന് ശേഷം മാവിന്ച്ചുവടില്‍ ത്രേസ്യയുടെ മുന്നില്‍ എല്ലാവരും കിട്ടിയ വസ്തുക്കള്‍ സമര്‍പ്പിച്ചു തല കുനിച്ചു നിന്നു. അപ്പോള്‍ ദാക്ഷായണി തല ഉയര്‍ത്തിപിടിച്ചു അഭിമാനത്തോടെ ഒരു ചെറിയ അസ്ഥികൂടത്തിന്റെ ഭാഗവും നഖവും ഹാജരാക്കി. എല്ലാവരും സാകൂതം അസ്ഥികൂടത്തെ വീക്ഷിച്ചു. ത്രേസ്യ പറഞ്ഞു, “ പ്രസവിച്ച ഉടനെ മരിച്ച ദിനോസര്‍കുഞ്ഞാണ്. പാവം! “ എല്ലാവരും ഓരോ പുഷ്പങ്ങള്‍ അസ്ഥികൂടത്തില്‍ സമര്‍പ്പിച്ചു. കല്ലുകള്‍ അടുക്കി ഭദ്രമായി അസ്ഥികൂടം എടുത്തു വെച്ചു. പിന്നീടു എല്ലാ ദിവസവും സ്ഥിരമായി അസ്ഥികൂടത്തില്‍ പൂക്കള്‍ വെച്ച് ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ച മഹാനായ ആ ദിനോസറികുഞ്ഞിനെ ബഹുമാനിച്ചു പോന്നു.
( അത് ദാക്ഷായണിയുടെ ക്വാര്ട്ടെഴ്സില്‍ മുന്‍പ് താമസിച്ചിരുന്ന കുടുംബത്തിന്റെ പൂച്ചയുടെ ഭൌതികഅവശിഷ്ടമാണെന്ന തിരിച്ചറിവ് ഉണ്ടാകുന്ന വരെ അത് തുടര്‍ന്ന് പോന്നു. ദാക്ഷായണിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ!! )
....ഇങ്ങനെ ഒട്ടനവധി രസകരമായ അനുഭവങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ഇവിടുത്തെ വര്‍ണ്ണാഭമായ ദിനങ്ങള്‍...അവസാനിപ്പിക്കുന്നതോടൊപ്പം ചില ചിത്രങ്ങളും ചേര്‍ക്കുന്നു..





                       ( അവസാനിച്ചു )